ആദ്യം കാറ് വാങ്ങൂ.. പണം പിന്നീട് നല്‍കിയാല്‍ മതി.. സൂപ്പര്‍ ഓഫറുമായി ടൊയോട്ട

ഉത്സവ സീസണ്‍ ആഘോഷമാക്കുന്നതിനായി മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ച് ടൊയോട്ട. വിക്ടോറിയസ് ഒക്ടോബര്‍ എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള പദ്ധതി ഒക്ടോബര്‍ 31 വരെ നീളുമെന്നാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അറിയിച്ചിരിക്കുന്നത്. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായാണ് ടൊയോട്ടയുടെ ഈ ആനുകൂല്യം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഫെബ്രുവരിയില്‍ പണം അടച്ച് തുടങ്ങിയാല്‍ മതിയെന്നതാണ് പ്രഖ്യാപിച്ചിട്ടുള്ളതില്‍ ഏറ്റവും ആകര്‍ഷകമായ ഓഫര്‍. പുതിയ വാഹനം വാങ്ങി നാല് മാസത്തിനപ്പുറം മാത്രം പണം അടച്ച് തുടങ്ങിയാല്‍ മതിയെന്നത് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൊയോട്ടയുടെ റീബാഡ്ജിങ്ങ് മോഡലുകളായ അര്‍ബണ്‍ ക്രൂയിസര്‍ കോംപാക്ട് എസ്.യു.വി, പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ഗ്ലാന്‍സ തുടങ്ങിയ മോഡലുകള്‍ക്ക് ബൈ-ബാക്ക് സ്‌കീം തുടങ്ങിയ ആനുകൂല്യവും ടൊയോട്ട ഈ ഉത്സവ കാലത്ത് ഒരുക്കിയിട്ടുണ്ട്. ടൊയോട്ടയുടെ സെല്‍ഫ് ചാര്‍ജിങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി വാറണ്ടി കാലാവധി നീട്ടി നല്‍കിയിട്ടുള്ളതും ഇപ്പോള്‍ പ്രഖ്യാപിച്ച ഓഫറുകളിലെ ഹൈലൈറ്റാണ്.