വെള്ളക്കെട്ടിലൂടെ സാഹസികമായി ബസോടിച്ചു; ജാമ്യമില്ലാ വകുപ്പ് ചുമത്തി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിര കേസ്

പൂഞ്ഞാറില്‍ വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ബസോടിച്ച ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിക്കലിനെതിനെതിരായ വകുപ്പ് ചുമത്തിയാണ് ഡ്രൈവര്‍ എസ് ജയദീപിനെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി നല്‍കിയ പരാതിയിലാണ് ഡ്രൈവര്‍ക്കെതിരായ നടപടി. 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു. സംഭവം വിവാദമായത്തിന് പിന്നാലെ ജയദീപനെ സസ്‌പെന്റ് ചെയ്യുകയും ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തിരുന്നു.