വളപട്ടണം മേഖലയില്‍ കെ റെയില്‍ സര്‍വേ നടപടിക്കെത്തിയ സ്വകാര്യ ഏജന്‍സി ജീവനക്കാരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചെന്ന പരാതി കെ റെയില്‍ അധികൃതര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. കളക്ടര്‍ പരാതി പരിശോധിച്ച് ജില്ലാ പൊലീസിന് നിര്‍ദ്ദേശം നല്‍കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലും വിഷയം ഉന്നയിച്ചിരുന്നു.
കെ റെയില്‍ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന പ്രദേശങ്ങള്‍ അളന്ന് സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം വളപട്ടണത്ത് സര്‍വേ നടപടിക്കെത്തിയ സ്വകാര്യ ഏജന്‍സി ജീവനക്കാരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചെന്ന പരാതിയുമായി അധികൃതര്‍ രംഗത്തെത്തിയത്. കെ റെയില്‍ ഉദ്യോഗസ്ഥരും സര്‍വ്വേ ഏജന്‍സി ജീവനക്കാരുമുള്‍പ്പെടെ 12 ഓളം പേര് അടങ്ങുന്ന സംഘത്തെയാണ് വീട്ടിലെ വളര്‍ത്തുനായ ആക്രമിച്ചത്. സർവ്വേ ജീവനക്കാരായ ആദർശ്, ജ്യൂവൽ എന്നിവർക്ക് നായയുടെ കടിയേറ്റിരുന്നു. ഇരുവരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ആദർശിനെ പിന്നീട് പരിയാരം മെഡിക്കൽ കോളേജിൽ തുടർ ചികിത്സയ്ക്കയച്ചു.
പരാതി ഇന്നലെ വൈകുന്നേരം ജില്ലാ കളക്ടര്‍ക്ക് കൈമാറി. കളക്ടര്‍ പരാതി പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ക്കായി ജില്ലാ പൊലീസ മേധാവിക്ക് നിര്‍ദ്ദേശം നല്‍കും. തിങ്കളാഴ്ച വളപട്ടണം മച്ചിയാന് കുന്നിലാണ് സര്‍വെ നടക്കുക.