ലഹരി കേസ്; നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍.സി.ബി റെയ്ഡ്

ആര്യന്‍ ഖാന്റെ കേസുമായി ബന്ധപ്പെട്ട് നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ റെയ്ഡ്. ഷാരൂഖ് ഖാന്റെ മുംബൈയിലെ വീട്ടിലാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) റെയ്ഡ് നടത്തിയത്. കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ വെച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ ഇന്ന് ആര്‍തര്‍ റോഡ് ജയിലിലെത്തിയിരുന്നു.നടന്‍ ചങ്കി പാണ്ഡയുടെ മകളും ബോളിവുഡ് നടിയുമായ അനന്യ പാണ്ഡയുടെ വീട്ടിലും എന്‍ സി ബി റെയ്ഡ് നടത്തി. അനന്യ പാണ്ഡെയോട് ഇന്ന് രണ്ടുമണിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്‍ സി ബി നിര്‍ദേശിച്ചിട്ടുണ്ട്. അനന്യയുടെ ഫോണ്‍ എന്‍ സി ബി പിടിച്ചെടുത്തിട്ടുമുണ്ട്.

അതേസമയം, കേസില്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി മാറ്റി. ഒക്ടോബര്‍ 26 ലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കന്നത് മാറ്റിയത്. മുംബൈ ലഹരിക്കേസില്‍ ആര്യന്‍ ഖാന്റെ സുഹൃത്തുക്കളായ അര്‍ബാസ് മര്‍ച്ചന്റിനും മുന്‍ മുന്‍ ധമേച്ചക്കും ജാമ്യം ലഭിച്ചിട്ടില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് എന്‍സിബി വാദിക്കുകയായിരുന്നു. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എന്‍സിബി കോടതിയെ അറിയിച്ചു.