കാത്തലിക്ക് സിറിയന്‍ ബാങ്ക് ജീവനക്കാരുടെ സംയുക്ത സമരസമിതി സംസ്ഥാന വ്യാപകമായി നടത്തിയ ത്രിദിന പണിമുടക്കില്‍ സംഘര്‍ഷം. പണിമുടക്കിന്റെ ഒന്നാം ദിനമായ ഇന്ന് നടന്ന ഉപരോധസമരം പൊലിസ് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പൊലിസുമായി നടത്തിയ ഇടപെടലിനെതുടര്‍ന്ന് സി.ഐയും സംഘവും മടങ്ങി.
കണ്ണുര്‍ ടൗണ്‍ സ്റ്റേഷന് ഓഫിസര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് പൊലിസ് പ്ലാസ ബാങ്കിന് മുന്പില് കുത്തിയിരുപ്പ് സമരം നടത്തിയവരെ നീക്കം ചെയ്യാന്‍ ശ്രമിച്ചത്. ബാങ്കിനു മുന്പില് സമരം നടത്തുന്നത് വിലക്കി കൊണ്ടുള്ള ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ പൊലിസിനോട് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസെത്തിയത്. തുടര്‍ന്ന് സമരക്കാരും ബാങ്ക് മാനേജരും തമ്മില്‍ വാക്കേറ്റമുണ്ടായി.
സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പൊലിസുമായി ചര്‍ച്ച നടത്തിയതിന് ശേഷം സി.ഐയും സംഘവും സംഭവസ്ഥലത്തുനിന്നും മടങ്ങുകയായിരുന്നു. ജീവനക്കാരെയും തൊഴിലാളികളെയും ചൂഷണം ചെയ്യുന്നത് ബാങ്ക് മാനേജ്മെന്റ് നിര്‍ത്തണം. കണ്ണൂരിന്റെ മണ്ണില്‍ ഒരു തൊഴിലാളി സമരത്തെയും പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും കണ്ണൂരില്‍ നടന്നില്ലെങ്കില്‍ കേരളത്തില്‍ ഒരിടത്തും സമരം നടക്കില്ലെന്നും ദിവ്യ പറഞ്ഞു.