ഇടുക്കി ഡാം തുറന്നു; മൂന്നാം ഷട്ടറാണ് ആദ്യം തുറന്നത്

ഇടുക്കി ഡാം തുറന്നു. മൂന്നാം ഷട്ടറാണ് ആദ്യം തുറന്നത്. പിന്നീട് രണ്ടും നാലും ഷട്ടറും തുറക്കും. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഡാം തുറക്കുന്നത്. 3 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഒരു സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറത്തക്കൊഴുകുന്ന രീതിയിലാണ് ക്രമീകരണം.

അണക്കെട്ട് തുറന്നാല്‍ ആദ്യം വെള്ളമെത്തുന്നത് ചെറുതോണി ടൗണിലാണ്. തടിയമ്പാട്, കരിമ്പന്‍ പ്രദേശങ്ങളാണ് അടുത്തത്. ഇവിടെ രണ്ടിടത്തും കഴിഞ്ഞ തവണ അണക്കെട്ട് തുറന്നപ്പോള്‍ കാര്യമായ നാശനഷ്ടം സംഭവിച്ചിരുന്നു. നിരവധി വീടുകള്‍ തകര്‍ന്നു. റോഡുകളും ചപ്പാത്ത് പാലങ്ങളും ഒലിച്ചുപോയിരുന്നു.

പിന്നീട് പെരിയാര്‍ വാലി, കീരിത്തോട് വഴി പനംകുട്ടിയിലെത്തും. പന്നിയാര്‍കുട്ടി പുഴ, പെരിയാറുമായി ചേര്‍ന്ന് പാംബ്ല അക്കെട്ടിലേക്ക് പതിക്കും. അവിടെ നിന്ന് ലോവര്‍ പെരിയാര്‍, നേര്യമംഗലം വഴി, വെള്ളം ഭൂതത്താന്‍കെട്ട് അണക്കെട്ടില്‍ ചേരും. പിന്നീട് ഇടമലയാര്‍ അണക്കെട്ടിലെ വെള്ളം പെരിയാറില്‍ ചേര്‍ന്ന്, ഒന്നിച്ചൊഴുകി, കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കെത്തും. ആലുവയില്‍ നിന്ന് രണ്ടായി പിരിഞ്ഞ്, പെരിയാര്‍ അറബിക്കടലില്‍ ചേരും.

പെരിയാര്‍ തീരത്ത് അതീവ ജാഗ്രതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മീന്‍പിടിത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെല്‍ഫി, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്കുണ്ട്. അണക്കെട്ട് മേഖലയില്‍ വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. വെള്ളപ്പാച്ചില്‍ മേഖലകളില്‍ പുഴ മുറിച്ച് കടക്കുന്നത് നിരോധിച്ചു. 2018 ആവര്‍ത്തിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. രാവിലെ 11ന് ഇടുക്കി ഡാം മുന്‍നിര്‍ത്തിയായിരുന്നു ജില്ലഭരണകൂടത്തിന്റെ നടപടികള്‍.