തെക്കന്‍ ജില്ലകളില്‍ നാശം വിതച്ച് കനത്ത മഴ

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ തുടരുന്നു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്.

തിരുവനന്തപുരം നഗരത്തിലും കൊല്ലത്തും മലയോരമേഖലകളിലും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. പത്തനംതിട്ട ജില്ലയിലെ താഴ്ന്ന ഭാഗങ്ങളില്‍ പലയിടത്തും വെള്ളം കയറി.

അരുവിക്കര ഡാമിലെ ജലനിരപ്പ് അധികൃതര്‍ പരിശോധിച്ചു വരികയാണ്. പത്തനംതിട്ട കളക്ടറേറ്റില്‍ മഴ സാഹചര്യം വിലയിരുത്താന്‍ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പൂഞ്ഞാര്‍, പാല മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. താഴ്ന്ന ഇടങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പുയരുകയാണ്.