എംഎല്‍എമാരെ അപകീര്‍ത്തിപ്പെടുത്തി : മന്ത്രി മുഹമ്മദ് റിയാസിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : മന്ത്രി മുഹമ്മദ് റിയാസിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷം. കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാന്‍ വരരുതെന്ന മന്ത്രിയുടെ പ്രസ്താവന അവകാശലംഘനമാണെന്നും കരാറുകാരെ കൂട്ടി ഏത് എംഎല്‍എയാണ് മന്ത്രിയെ സമീപിച്ചതെന്ന് വെളിപ്പെടുത്തണമെന്നും.

റിയാസിന്റെ പരാമര്‍ശം എംഎല്‍എമാര്‍ക്ക് അപകീര്‍ത്തി ഉണ്ടാക്കുന്നതാണെന്നും സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുമെന്നും് കെ ബാബു എംഎല്‍എ പറഞ്ഞു. എംഎല്‍എമാര്‍ക്കൊപ്പമോ എംഎല്‍എമാരുടെ ശുപാര്‍ശയിലോ കരാറുകാര്‍ മന്ത്രിയെ കാണാന്‍ വരുന്നത് ശരിയല്ലെന്നും അത് തെറ്റായ പ്രവണത ആണെന്നുമായിരുന്നു ഇക്കഴിഞ്ഞ ഏഴാം തീയതി റിയാസ് നിയമസഭയില്‍ നടത്തിയ പരാമര്‍ശം.

ഇത് ജനപ്രതിനിധികളെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന വിമര്‍ശനം സിപിഎം നിയമസഭാ കക്ഷി യോഗത്തില്‍ ഉയര്‍ന്നതായുളള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കവെ റിയാസ് തന്റെ നിലപാട് ആവര്‍ത്തിച്ചു.നിയമസഭയില്‍ പറഞ്ഞത് നല്ല ബോധ്യത്തോടെയാണ്. പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും റിയാസ് വ്യക്തമാക്കി. ചില കരാറുകാരും ഉദ്യോഗസ്ഥരുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. ഇത് അംഗീകരിക്കാനാവില്ല. എംഎല്‍എമാര്‍ക്ക് സ്വന്തം മണ്ഡലങ്ങളിലെ പ്രശ്‌നങ്ങളുമായി മന്ത്രിയെ കാണാം. എന്നാല്‍ മറ്റ് മണ്ഡലങ്ങളിലെ കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.