കെഎസ്ആര്‍ടിസിയുടെ വക ഓട്ടോ സര്‍വീസും..  പരിഷ്‌കരണവുമായി ആനവണ്ടി.

 

തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് ബസ് സ്റ്റാന്‍ഡുകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനായി ഫീഡര്‍ സര്‍വീസുകള്‍ എന്ന പുത്തന്‍ പരിഷ്‌കരണവുമായാണ് ഇത്തവണ കെഎസ്ആര്‍ടിസിയുടെ വരവ്… ഇതിനായി തലസ്ഥാന നഗരിയില്‍ തന്നെ കെഎസ്ആര്‍ടിസിയുടെ ഫീഡര്‍ സര്‍വീസ് തുടങ്ങുന്നതിനായി 30 ഇലക്ട്രിക് ഓട്ടോകള്‍ കെടിഡിഎഫ്‌സി വഴി വാങ്ങി വിതരണം ചെയ്യുമെന്നാണ് മന്ത്രി ആന്റണി രാജു നിയമസഭയില്‍ വ്യക്തമാക്കിയത്.

രണ്ടാം ഘട്ടത്തില്‍, 500 ഇലക്ട്രിക് ഓട്ടോകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ വാങ്ങും. മൂന്നാം ഘട്ടത്തില്‍, ഇലക്ട്രിക് കാറുകളും ഓട്ടോറിക്ഷകളും പൊതുജനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഉപയോഗത്തിനായും വാങ്ങും. തിരുവനന്തപുരം നഗരത്തിനായി 50 വൈദ്യുതി ബസുകളാണ് വാങ്ങാനുദ്ദേശിക്കുന്നത്. ഇതിനായി 47.5 കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്. ഇരുചക്ര വാഹനം ഉപയോഗിച്ച് തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കായി ഈ സാമ്പത്തിക വര്‍ഷം 10,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷയും വാങ്ങാന്‍ 200 കോടിയുടെ വായ്പാ പദ്ധതിയും ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് രൂപം നല്‍കിയിട്ടുണ്ട്.