ഉത്ര കൊലക്കേസില്‍ പ്രതി സൂരജിന്റെ ശിക്ഷ ഇന്ന് വിധിക്കും

കൊല്ലം അഞ്ചല്‍ ഉത്ര കൊലക്കേസില്‍ പ്രതി സൂരജിന്റെ ശിക്ഷ ഇന്ന് വിധിക്കും.ഇന്ന് രാവിലെ 11 മണിക്കാണ് വിധി. സൂരജ് കുറ്റക്കാരനെന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് തിങ്കളാഴ്ച വിധി പറഞ്ഞിരുന്നു.പ്രതിയെ അടുത്ത് വിളിച്ചുവരുത്തി ചെയ്ത കുറ്റകൃത്യങ്ങള്‍ വായിച്ചുകേള്‍പ്പിച്ച കോടതി എന്തെങ്കിലും പറയാനുണ്ടോ എന്ന് സൂരജിനോട് ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ല എന്നായിരുന്നു സൂരജിന്റെ മറുപടി. പ്രതിക്കെതിരെ 302, 307, 328, 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണെന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന ആവശ്യവും കോടതിക്കുമുന്നില്‍ വെച്ചു. ഭാര്യ വേദന കൊണ്ടുപുളയുമ്പോള്‍  മറ്റൊരു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്ന പ്രതിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.

ഉത്രകേസില്‍ പഴുതടച്ച അന്വേഷണമായിരുന്നു പോലിസിന്റേത്. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി ഒരു വര്‍ഷവും 5 മാസവും 4 ദിവസവും പൂര്‍ത്തിയാവുമ്പോഴാണ് വിധി എത്തിയത്. ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂര്‍ഖന്‍ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിര്‍ണായകമായി. വാദി ഭാഗവും പ്രതിഭാഗവും തമ്മില്‍ കോടതിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായിരുന്നു.സര്‍ക്കാര്‍ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹന്‍രാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവുമാണ് ഹാജരായത്.