മാപ്പിളപ്പാട്ട് രംഗത്തെ സജീവസാന്നിധ്യം വി.എം കുട്ടി അന്തരിച്ചു

മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം കുട്ടി (85) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ”സംകൃത പമഗരി തങ്കത്തുംഗത്തധിംഗിണ തിംകൃത ധിമികിട മേളം” എന്നു തുടങ്ങി മലയാളി ഏറ്റെടുത്ത നിരവധി മാപ്പിളപ്പാട്ടുകളെ ജനകീയമാക്കിയ കലാകാരനായിരുന്നു വി.എം കുട്ടി.അനേകം മാപ്പിളപ്പാട്ടുകള്‍ക്കുപുറമേ സിനിമാ ഗാനങ്ങളും വി.എം കുട്ടി പാടിയിട്ടുണ്ട്.മൈലാഞ്ചി, പതിനാലാം രാവ്, ഉല്‍പത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം,1921, മാര്‍ക്ക് ആന്റണി അടക്കം എട്ടോളം സിനിമകളില്‍ പാടിയ വി.എം. കുട്ടി മൂന്ന് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

1954ല്‍ കോഴിക്കോട് ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു കൊണ്ടാണ് കലാരംഗത്തേക്കുള്ള കടന്നുവരവ്.പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയില്‍ പ്രസിദ്ധന്‍. ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവസാന്നിധ്യം. മാപ്പിളപ്പാട്ടിനെ പുതിയ പരീക്ഷണങ്ങള്‍ കൊണ്ട് ജനകീയമാക്കിയ വി.എം കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്. മാപ്പിളകലാരംഗത്തെ സമഗ്ര സംഭാവനക്ക് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് (2020), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുരസ്‌കാരം നല്‍കി വി.എം കുട്ടിയെ ആദരിച്ചു.