രാത്രി ഏറെ വൈകീട്ടും ഭർത്താവ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു.ഭാര്യ മരിച്ച വിവരമറിയിക്കാൻ നടത്തിയ അന്വേഷണത്തിൽ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മൂലമറ്റം രതീഷ് പ്രസ് ഉടമ നീറണാകുന്നേൽ ചിദംബരത്തിന്റെ ഭാര്യ സുജാതയാണ് (72) ബൈക്കിടിച്ചു മരിച്ചത്. ഭർത്താവ് ചിദംബരത്തിനെ (75) സ്വന്തം പ്രസിനു സമീപം കിണറിലെ പൈപ്പിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് വീട്ടിലെത്താത്തതിനെ തുടർന്നാണ് വൈകീട്ട് ഏഴ് മണിയോടെ ഇവർ അന്വേഷിച്ചിറങ്ങിയത്. മൂലമറ്റം ടൗണിന് സമീപത്തുവെച്ച് ഇവരെ ചെറാടി സ്വദേശി ദിലുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് സുജാതയുടെ മരണവിവരം അറിയിക്കാൻ നാട്ടുകാർ ചിദംബരത്തെ അന്വേഷിക്കുന്നതിനിടെ രാത്രി 10 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മക്കൾ: കല, പരേതനായ രതീഷ്. മരുമകൻ: രഘു. സുജാതയെ ഇടിച്ച ബൈക്കിൽ സഞ്ചരിച്ചിരുന്ന ദിലുവിന്റെ തലക്ക് സാരമായ പരിക്കുണ്ട്.