ഉത്ര വധക്കേസ്- സൂരജ് കുറ്റക്കാരന്‍; വിധിപ്രഖ്യാപനം മറ്റന്നാള്‍

കൊല്ലം ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു.കൊല്ലം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. സൂരജിനുള്ള ശിക്ഷ മറ്റന്നാള്‍ പ്രസ്താവിക്കും.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കാന്‍ വേണ്ട സാഹചര്യ തെളിവുകള്‍ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്.87 സാക്ഷികള്‍ നല്‍കിയ മൊഴികളും ,288 രേഖകളും. 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് വിധി പ്രഖ്യാപിച്ചത്. വിധി പ്രസ്താവത്തിന് മുന്നോടിയായി കോടതി കുറ്റപത്രത്തില്‍ പറഞ്ഞ കൃത്യങ്ങളും വകുപ്പുകളും കോടതിയില്‍ വായിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്റെ മറുപടി.കോടതിയില്‍ നിര്‍വികാരനായിരുന്നു സൂരജ്.

റെക്കോര്‍ഡ് വേഗത്തിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതും വിചാരണ പൂര്‍ത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം നടത്തിയും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച അന്വേഷണമാണ് കേസില്‍ നടന്നത്. കൊലപാതകം, ഗൂഢാലോചന, ജീവനുള്ള വസ്തുവിനെ വച്ച് കൊലപാതകശ്രമം, ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് പൊലീസ് കുറ്റപത്രത്തില്‍ സൂരജിനെതിരെയുള്ളത്. കേസില്‍ ആദ്യം പ്രതി ചേര്‍ക്കപ്പെട്ട പാമ്പു പിടുത്തക്കാരന്‍ കല്ലുവാതുക്കല്‍ സുരേഷിനെ പൊലീസ് പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു.

സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നല്‍കാവുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് ചൂണ്ടിക്കാട്ടി.രാജ്യത്ത കുറ്റാന്വേഷണചരിത്രത്തില്‍ തന്നെ സവിശേഷ പ്രധാന്യമുള്ള കേസായാണ് ഉത്രക്കേസ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയില്‍ ഉത്രക്കേസുണ്ട്.