ബിജെപി പുനസംഘടനയിലെ അതൃപ്‌തി പരസ്യമാക്കി ശോഭ സുരേന്ദ്രൻ.

ബിജെപി പുനസംഘടനയിലെ അതൃപ്‌തി പരസ്യമാക്കി ശോഭ സുരേന്ദ്രൻ. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പദവി പ്രശ്നമല്ലെന്നും പദവി അല്ല ജന പിന്തുണയാണ് പ്രധാനമെന്നും ശോഭ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.ദേശീയ നിരവാഹക സമിതിയിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് വിമർശനം. പുരാണ കഥ പറഞ്ഞു കൊണ്ടാണ് ശോഭ സുരേന്ദ്രൻ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്ന് പറഞ്ഞ ഹിരണ്യ കശിപുവിന്റെ അവസ്ഥ ഓര്‍മിപ്പിച്ച് കൊണ്ടാണ് പോസ്റ്റ്. ഹിരണ്യ കാശിപു ഭീഷണിപ്പെടുത്തിയിട്ടും പ്രഹ്ലാദൻ നിലപാടിൽ ഉറച്ചു നിന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നു.


ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാൽ, ഞാൻ ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ പല ദൗത്യങ്ങൾ ഏൽപ്പിച്ചു, അവ കലർപ്പില്ലാത്ത സമർപ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു. ശ്രീരാമ ഭഗവാൻ സേതുസമുദ്രം നിർമിച്ചപ്പോൾ അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തിൽ ജനപിന്തുണയാണ് പ്രധാനം. എന്നാൽ, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓർക്കുന്നത് നല്ലതാണ്.