ബി ജെ പി പുനഃ സംഘടന ; അതൃപ്തി അറിയിച്ച് പി കെ കൃഷ്ണ ദാസ് പക്ഷം

ബിജെപി പുനഃ സംഘടനയിൽ അതൃപ്തി അറിയിച്ച് പി കെ കൃഷ്ണദാസ് അനുകൂല പക്ഷം. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഏകപക്ഷീയമായാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് വരുന്നതിന് മുമ്പ് പുനഃസംഘടനയെന്നും ജില്ലാ പ്രസിഡന്റുമാരെ മാറ്റിയത് മാനദണ്ഡം പാലിക്കാതെയാണെന്നും കൃഷ്ണദാസ് പക്ഷം ആരോപിച്ചു.ബത്തേരി കോഴക്കേസിൽ കെ സുരേന്ദ്രനെതിരെ പ്രതികരിച്ച സജി ശങ്കറെ മാറ്റിയത് അനീതിയാണ്. ജെ ആർ പത്മകുമാറിനെ ട്രഷർ സ്ഥാനത്തു നിന്ന് നീക്കിയത് കണക്കാവശ്യപ്പെട്ടതിനാലാണെന്നും ആരോപണം ഉയർത്തി. കൂടാതെ കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിനെതിരെ പരാതി നൽകാനും തീരുമാനമായി.

കഴിഞ്ഞ ദിവസമാണ് അഞ്ച് ജില്ലാ പ്രസഡിന്റുമരെ മാറ്റി സംസ്ഥാന ബിജെപിയിൽ സമഗ്രമായ അഴിച്ചുപണി നടത്തിയത് . കാസർഗോഡ്,വയനാട്,പാലക്കാട്,കോട്ടയം, പത്തനംത്തിട്ട ജില്ലകളിലെ പ്രസിഡന്റുമാരാണ് മാറിയത്.സംസ്ഥാന സെക്രട്ടറിമാരിൽ ചിലർക്ക് ഉപാധ്യക്ഷന്മാരായി സ്ഥാനക്കയറ്റം ലഭിച്ചു. ബി.ഗോപാലകൃഷ്ണൻ പി രഘുനാഥ് സി ശിവൻകുട്ടി എന്നിവർ വൈസ് പ്രസിഡന്റുമാരായി. കെ.ശ്രീകാന്ത്, ജെ.ആർ പത്മകുമാർ,രേണു സുരേഷ്, പന്തളം പ്രതാപൻ എന്നിവർ സംസ്ഥാന സെക്രട്ടറിമാരായി. ഇ.കൃഷ്ണകുമാരാണ് ട്രെഷറർ.