പൊലീസ് കസ്റ്റഡിയില്‍ നിരാഹാര സമരം തുടങ്ങി പ്രിയങ്ക ഗാന്ധി

 

യുപിയില്‍ പൊലീസ് കസ്റ്റഡിയില്‍ നിരാഹാര സമരം തുടങ്ങി പ്രിയങ്ക ഗാന്ധി. സംഘര്‍ഷം നടന്ന ലഖിംപുരിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവേ ഇന്നലെയാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡയിലെടുത്തത്. സിതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ തടിച്ചുകൂടി.

ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ നാല് കര്‍ഷകരടക്കം ഒന്‍പത് പേരാണ് മരിച്ചത്. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. സംഘര്‍ഷങ്ങളില്‍ 18 പേരെ അറസ്റ്റു ചെയ്തതായി ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു.

ചിലര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മീററ്റ് ജില്ലാ പൊലീസ് മേധാവി വിനീത് ഭട്‌നഗര്‍ പറഞ്ഞു. നാല് കമ്പനി കേന്ദ്രസേനയെ കൂടി ലഖിംപൂര്‍ ഖേരിയില്‍ വിന്യസിച്ചിട്ടുണ്ട്. മേഖലയിലാകെ നിരോധനാജ്ഞ തുടരുകയാണ്.