കുട്ടികള്‍ക്കുള്ള ന്യുമോണിയ പ്രതിരോധ വാക്‌സിന്‍ വിതരണം തുടങ്ങി

കുട്ടികള്‍ക്കുള്ള ന്യുമോണിയ പ്രതിരോധ വാക്‌സിന്‍ വിതരണം തുടങ്ങി. ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണോദ്ഘാടനം തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. അടുത്ത ദിവസം മുതല്‍ എല്ലാ ജില്ലകളിലും വാക്‌സിന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നര മാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ നല്‍കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

കുഞ്ഞിന് ഒന്നര മാസത്തില്‍ മറ്റ് വാക്സിനെടുക്കാനുള്ള സമയത്ത് മാത്രം പിസിവി നല്‍കിയാല്‍ മതി. വാക്സിന്റെ ആദ്യ ഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരു വയസാണ്. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം 9 മാസം എന്നിങ്ങനെയാണ് വാക്സിന്‍ നല്‍കേണ്ടത്.

നിലവില്‍ 55,000 ഡോസ് വാക്‌സിന്‍ സംസ്ഥാനത്ത് ഉണ്ട്. അത് എല്ലാ ജില്ലകളിലും വിതരണം ചെയ്തു കഴിഞ്ഞു. ആദ്യ മാസം 40,000 കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം കൊണ്ട് 4.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.