ബാല ഭാസ്കറിന്റെ മരണം അപകട മരണം തന്നെ ; സി ബി ഐ

ബാലഭാസ്കറിന്റെ മരണം വാഹനാപകടം തന്നെയെന്ന് വീണ്ടും ആവർത്തിച്ച് സിബിഐ. മാതാപിതാക്കൾ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പരിശോധിച്ച ശേഷമാണ് മരണത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട്ട് നൽകിയതെന്ന് സിബിഐ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണ റിപ്പോർട്ട് തള്ളമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ ബാലഭാസ്കറിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് സിബിഐയുടെ മറുപടി. മരണത്തിൽ അട്ടിമറിയൊന്നും ഇല്ലെന്നും സാക്ഷിയായി എത്തിയ കലാഭവൻ സോബിക്ക് കേസിൽ ഇടപെടാൻ നിയമപരമായ അധികാരം ഇല്ലെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.

2018 സെപ്റ്റംബര്‍ 25ന് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്ത് വച്ച് വാഹനാപകടം ഉണ്ടായത്. ബാലഭാസ്കറും മകൾ തേജസ്വിനിയും അപകടത്തിൽ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

ഡ്രൈവർ അർജ്ജുൻ അശ്രദ്ധമായി അമിത വേഗത്തിൽ വാഹനമോടിച്ചതാണ് അപകടകാരണമെന്നായിരുന്നു കണ്ടെത്തൽ. കേസിൽ കള്ള തെളിവുകള്‍ നൽകിയതിന് സാക്ഷിയായ കലാഭവൻ സോബിക്കെതിരെയും സിബിഐ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ബാലഭാസ്ക്കറിന്റെ മാതാപിതാക്കളായ കെസി. ഉണ്ണിയും ശാന്താ കുമാരിയും കോടതിയെ സമീപിച്ചത്. തുടരന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.