സ്‌കൂള്‍ തുറക്കല്‍; മാര്‍ഗരേഖയില്‍ ഏകദേശ ധാരണയായി

സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖയില്‍ ഏകദേശ ധാരണയായെന്നും അടുത്ത മാസം അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അധ്യാപക, വിദ്യാര്‍ത്ഥി സംഘടനകളുമായി നാളെയും മറ്റന്നാളും ഓണ്‍ലൈന്‍ യോഗം ചേരും. അധ്യാപക-വിദ്യാര്‍ത്ഥി-പിടിഎ-ആരോഗ്യവകുപ്പ്-ജനപ്രതിനിധികള്‍-തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാര്‍ഗരേഖയില്‍ ധാരണയായിട്ടുണ്ട്. കളക്ടര്‍മാരുമായി യോഗം ചേരുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാന്‍ എസ്സിഇആര്‍ടി വിളിച്ച കരിക്കുലം കമ്മിറ്റി യോഗം ആരംഭിച്ചു. സ്‌കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യോഗം തയാറാക്കും. ശേഷം അധ്യാപക സംഘടനകളുടെ യോഗം ചേരും. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പഠനം വേണമെന്ന നിര്‍ദേശം പരിഗണനയിലുണ്ട്. രണ്ട് ഷിഫ്റ്റുകളായി പഠനം വേണമെന്നാണ് നിര്‍ദ്ദേശം.ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാനാണ് ധാരണ.