ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു

ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 72 വയസ്സായിരുന്നു. ഈ മാസം സെപ്തംബറിലാണ് ളാഹ ഗോപാലന് കോവിഡ് ബാധിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചിത്സയിലായിരുന്നു. നിരവധി ഭൂസമരങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ള നേതാവാണ് ​ളാഹ ഗോപാലൻ. 2007 ഓഗസ്റ്റ് 4ന് തുടക്കം കുറിച്ച ചെങ്ങറ സമരം കേരള ചരിത്രത്തിലെ സുപ്രധാന സമരമാണ്.

ഭൂരഹിതരുടെ ഭൂമിക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തു നല്‍കിയ സമരമായിരുന്നു ചെങ്ങറയിലേത്. അഞ്ച് വര്‍ഷം മുമ്പ് സമര സമിതിയിലെ വിഭാഗീയതയെ തുടര്‍ന്ന് ളാഹ ഗോപാലന്‍ ചെങ്ങറയില്‍ നിന്ന് ഇറങ്ങി. അംബേദ്കര്‍ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച നേതാവാണ് ളാഹ ഗോപാലന്‍. ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി എന്നും ശബ്ദമുയര്‍ത്തി. കെഎസ്ഇബി ജീവനക്കാരനായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് ദീര്‍ഘനാളായി പത്തനംതിട്ടയിലെ അംബേദ്കര്‍ ഭവനിലായിരുന്നു താമസം.