സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറികളിൽ ഈ അധ്യയന വർഷം പുതിയ ബാച്ചുകൾ ഉണ്ടാകിലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അധിക സാമ്പത്തിക ബാധ്യത കണക്കിലെടുത്താൻ തീരുമാനം എന്നാണ് വിശദീകരണം. . മലപ്പുറം ഉൾപ്പെടെ ജില്ലകളിൽ അധിക ബാച്ചുകൾ വേണമെന്ന് ചൂണ്ടിക്കാട്ടി ഹയർസെക്കൻഡറി വിഭാഗം നൽകിയ റിപ്പോർട്ട് അവഗണിച്ചാണ് ഉത്തരവ്. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകളാണ് ഇപ്പോൾ നടക്കുന്നതെന്നും പൂർണ തോതിൽ നേരിട്ട് ക്ലാസുകൾ നടത്തുന്നതിനുള്ള സാധ്യത ഉടനെയുണ്ടാകില്ലെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സീറ്റ് കുറവുള്ള ജില്ലകളിൽ അധിക സീറ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ അവകാശപ്പെടുന്നു. എന്നാൽ, ഇനി അധികം ബാച്ച് എന്നത് സംസ്ഥാനത്ത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ഉത്തരവിൽ പറയുന്നു.
മലപ്പുറം ജില്ലയിൽ മാത്രം 167 ബാച്ചുകൾ ആവശ്യമാണെന്ന് ഹയർ സെക്കൻഡറി വിഭാഗം മുൻവർഷങ്ങളിലെ അപേക്ഷകരുടെ എണ്ണവും പ്രവേശനവും പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം മൂന്നിരട്ടിയോളം വർധിച്ചതോടെ ഇഷ്ട സ്കൂളിനും വിഷയ കോമ്പിനേഷനും വേണ്ടി വിദ്യാർഥികൾ അലയുമ്പോഴാണ് പുതിയ ബാച്ചുകൾ വേണ്ടെന്ന തീരുമാനം. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ കാര്യങ്ങൾ നടത്തുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസമല്ലെന്ന് സർക്കാർ വാദിക്കുന്നതിനിടയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വരുന്നത്.