അധികാരത്തിലെത്തിയാല്‍ ചേരിതിരിവ് പാടില്ലെന്ന് മുഖ്യമന്ത്രി

അധികാരത്തിലെത്തിയാല്‍ ചേരിതിരിവും ഒരു തരത്തിലുള്ള പക്ഷപാതിത്വവും പാടില്ലെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരുടെ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു മുഖ്യമന്ത്രി. ഉദ്യോഗസ്ഥരുടെ അഭിപ്രായം ശരിയെന്ന് തോന്നിയാല്‍ സ്വീകരിക്കണം. ലൈഫ് പദ്ധതി എന്ന ആശയം മുന്നോട്ട് വച്ചത് ഒരുദ്യോഗസ്ഥനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുമുഖങ്ങളായ മന്ത്രിമാരെ ഭരണപരമായ കാര്യങ്ങളില്‍ കൂടുതല്‍ പ്രാപ്തരാക്കുക ലക്ഷ്യമിട്ടാണ് പ്രത്യേക പരിശീലനപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ ഭരണപരിശീലന പരിപാടിക്കാണ് ഇന്ന് തുടക്കമായത്. തിരുവനന്തപുരം ഐഎംജി ഡയറക്ടര്‍ കെ ജയകുമാര്‍ ഐഎഎസ് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും സ്വാഗതം ചെയ്തു. ഭരണ സംവിധാനത്തെ കുറിച്ച് കൂടുതല്‍ അടുത്തറിയുന്നതിനായിരുന്നു ആദ്യ സെഷന്‍. മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖറാണ് ആദ്യ ക്ലാസെടുത്തത്. ദുരന്തസമയങ്ങളിലെ വെല്ലുവിളികളും, ടീം ലീഡര്‍ എന്ന നിലയില്‍ മന്ത്രിയുടെ പ്രവര്‍ത്തനവുമാണ് ഇന്നത്തെ മറ്റ് വിഷയങ്ങള്‍.