ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍; സമഗ്ര പദ്ധതി തയ്യാറാക്കും; സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

ഒന്നര വര്‍ഷത്തിന് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ എങ്ങനെ അധ്യയനം പുനരാരംഭിക്കണം എന്ന തീരുമാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.സ്‌കൂള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 15 ദിവസങ്ങള്‍ക്ക് മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം .
മാതാപിതാക്കളുടെയും കുട്ടികളുടെയും ആശങ്ക ഇല്ലാതാക്കി, കുട്ടികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കികൊണ്ട് സമഗ്ര പദ്ധതി തയ്യാറാക്കും.എല്ലാ വിദ്യാര്‍ത്ഥികളെയും ഒരു ദിവസം സ്‌കൂളുകളില്‍ എത്തിക്കേണ്ട എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചനകള്‍. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്താനാണ് തീരുമാനം. സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകളും നടത്തും. ബസ് ഉള്‍പ്പടെ അണുവിമുക്തമാക്കും. ബസില്ലാത്ത സ്‌കൂളുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.ആരോഗ്യ വകുപ്പുമായി ആലോചിച്ച് തുടര്‍ നടപടികളും തീരുമാനിക്കുമെന്നും രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു

പ്ലസ് വണ്‍ പരീക്ഷാ നടത്തുന്നതിലാണ് നിലവില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ്ണ ശ്രദ്ധ. അത് പൂര്‍ത്തിയായ ശേഷമാകും അധ്യയനം തുടങ്ങുന്നത് സംബന്ധിച്ച ക്രമീകരണങ്ങളിലേക്ക് വകുപ്പ് പ്രായോഗികമായി കടക്കുക. ആദ്യ ഘട്ടത്തില്‍ ഒന്നുമുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുമാണ് പഠനം തുടങ്ങുക. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുന്നതിലുള്ള വാഹനങ്ങളില്‍ വേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ചും വിദ്യാഭ്യാസവകുപ്പ് തീരുമാനമെടുക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം തയ്യാറാക്കിയ മാസ്‌ക്കുകള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി നേരത്തെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശങ്കയില്ലാതെ അധ്യയനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യഭ്യാസ വകുപ്പ്.