സ്‌കൂള്‍ തുറക്കല്‍ വിദ്യാഭ്യാസ മന്ത്രിയറിയാതെ;കൂടിയാലോചനകള്‍ നടന്നത് ആരോഗ്യ വകുപ്പുമായി

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന തീയതി നിശ്ചയിച്ചത് വിദ്യാഭ്യാസ വകുപ്പ് അറിയാതെ. ഇന്നലെ കോവിഡ് അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി സ്‌കൂള്‍ തുറക്കുന്ന കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും വാര്‍ത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് നവംബര്‍ 1 മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന കാര്യം വിദ്യാഭ്യാസ വകുപ്പും അറിഞ്ഞത്. കൊവിഡ് ഉന്നതതല യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ ക്ഷണമുണ്ടായിരുന്നില്ല. നിര്‍ണ്ണായക തീരുമാനമെടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ചില്ല, പകരം ആരോഗ്യ വകുപ്പുമായാണ് കൂടിയാലോചനകള്‍ നടന്നത്.


നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനമായത്. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

രാവിലെ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നപ്പോഴും സ്‌കൂള്‍ തുറക്കല്‍ എന്ന വിഷയം ചര്‍ച്ച ചെയ്തില്ലെന്നും, തീരുമാനം വന്ന ശേഷവും സ്‌കൂള്‍ തുറക്കല്‍ തീരുമാനമായിട്ടില്ലെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസ വകുപ്പ് അറിയാതെയുള്ള നീക്കം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.