മുസ്‌ലിങ്ങള്‍ ‘ലാന്‍ഡ് ജിഹാദ്’ നടത്തുന്നു; നിയമസഭയില്‍ ആരോപണവുമായി ബിജെപി എംഎല്‍എ

മുസ്‌ലിങ്ങള്‍ ‘ലാന്‍ഡ് ജിഹാദ്’ നടത്തുന്നുവെന്ന ആരോപണവുമായി ബിജെപി എംഎല്‍എ കനയ്യ ലാല്‍. നിയമസഭയിലാണ് എംഎല്‍എ ആരോപണമുന്നയിച്ചത്. രാജസ്ഥാനിലെ മാല്‍പുരയില്‍ ലാന്‍ഡ് ജിഹാദ് നടക്കുന്നുവെന്നും 1950 മുതല്‍ നിരന്തരമായി സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും നൂറിലധികം പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ടെന്നും ബിജെപി എംഎല്‍എ ആരോപിച്ചു.

ഹിന്ദുക്കളുടെ വീടുകളും ഭൂമിയും വാങ്ങാന്‍ മുസ്‌ലിംകള്‍ കാമ്പെയിന്‍ നടത്തുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക അനധികൃതമായി വാങ്ങുന്ന ഈ വീടുകളില്‍ അവര്‍ താമസിക്കാന്‍ തുടങ്ങുന്നു. തുടര്‍ന്ന് എല്ലാ ദിവസവും ഹിന്ദുക്കളായ അയല്‍വാസികളുമായി വഴക്കുണ്ടാക്കി ഭീഷണിപ്പെടുത്തുകയാണ്. ഹിന്ദു പെണ്‍കുട്ടികളെയടക്കം ആക്ഷേപിച്ചുകൊണ്ട് ഭീതിജനകമായ അന്തരീക്ഷത്തിലേക്ക് നാടിനെ തള്ളിവിടുകയാണ്ചെയ്യുന്നതെന്നും, നിലവില്‍ 600-800 ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്‌തെന്നും എംഎല്‍എ പറയുന്നു

മാല്‍പുരയില്‍നിന്ന് ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്യുന്നതിന്റെ കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഇവര്‍ രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ സതീഷ് പുനിയയ്ക്ക് റിപ്പോര്‍ട്ട് കൈമാറി.