ശൈശവ വിവാഹം വീണ്ടും വരുന്നു!! പുതിയ നിയമവുമായി രാജസ്ഥാൻ സര്‍ക്കാര്‍,

ശൈശവ വിവാഹം രജിസ്റ്റര്‍ ചെയ്യണെന്ന് നിര്‍ദേശിക്കുന്ന ബില്ലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്. ബിജെപി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ബില്ല് വെള്ളിയാഴ്ച നിയമസഭയില്‍ പാസാക്കിയത്. കമ്പല്‍സറി രജിസ്‌ട്രേഷന്‍ ഓഫ് മാരേജ് അമന്‍ഡ്‌മെന്റ് ബില്ല് ഓഫ് രാജസ്ഥാന്‍ എന്നാണ് പുതിയ നിയമത്തിന്റെ പേര്. ശൈശവ വിവാഹം നടന്നാല്‍ 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു. സഭയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാള്‍ മറുപടി നല്‍കി. ശൈശവ വിവാഹം സാധുവാക്കുന്നില്ലെന്നും എന്നാല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പുതിയ നിയമത്തിലെ സെക്ഷന്‍ എട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. നേരത്തെ ജില്ലാതലത്തിലുള്ള ഓഫീസറാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ പുതിയ നിയമപ്രകാരം ബ്ലോക്ക് തലം വരെയുള്ള ഓഫീസര്‍മാര്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാം. ശൈശവ വിവാഹം നിയമവിരുദ്ധമായി തുടരും. എങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിയമവിരുദ്ധമായ ഒരുകാര്യം എന്തിനാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്നും പോലീസ് നടപടിയെടുക്കയല്ലേ വേണ്ടതെന്നും ബിജെപി അംഗങ്ങള്‍ ചോദിച്ചു. സുപ്രീംകോടതിയുടെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുതിയ നിയമം കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന് 2006ലെ സീമ-അശ്വനി കുമാര്‍ കേസില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതാണ്. അതുപ്രകാരമാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു. കുട്ടിയായിരിക്കെ വിവാഹം നടന്ന വ്യക്തിക്ക് പ്രായപൂര്‍ത്തിയായാല്‍ അത് റദ്ദ്് ചെയ്യാനുള്ള അവകാശമുണ്ട്. ശൈശവ വിവാഹം പ്രോല്‍സാഹിപ്പിക്കാനും സര്‍ക്കാരിന് താല്‍പ്പര്യമില്ല. എങ്കിലും എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന്റെ ഭാഗമാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


സമരങ്ങള്‍ക്കും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ഇടപെടലുകള്‍ക്കും ശേഷം പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടതാണ് ശൈശവ വിവാഹം എങ്കിലും പിന്നീട് പല രൂപത്തില്‍ ഇന്ത്യയുടെ ഗ്രാമങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും നിയമവിരുദ്ധമാണിത്. നിയമപ്രകാരം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ഉം ആണ്‍കുട്ടികളുടെത് 21 മാണ്. ഈ പ്രായം തികയാതെ വിവാഹം കഴിക്കുന്നത് ശൈശവ വിവാഹത്തിന്റെ ഗണത്തിലാണ് ഉള്‍പ്പെടുക. നിയമസാധുത ലഭിക്കില്ല. കുറ്റകരവുമാണ്. കൂട്ടുനിന്നവരും കുടുങ്ങും.എന്നാല്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാസാക്കിയ പുതിയ ബില്ല് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.