പ്ലസ് വണ്‍ പരീക്ഷയുടെ ടൈം ടേബിള്‍ ഉടന്‍ പ്രഖ്യാപിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. അടുത്തയാഴ്ചയോ അല്ലെങ്കില്‍ ഈ മാസം അവസാനമോ തുടങ്ങുന്ന രീതിയില്‍ പലതരം ടൈംടേബിളുകള്‍ ഹയര്‍ സെക്കണ്ടറി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷകള്‍ക്ക് ഇടയില്‍ ഇടവേളകള്‍ നല്‍കികൊണ്ടാവും ക്രമീകരണങ്ങള്‍. സ്‌കൂളുകളിലെ അണുനശീകരണം പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ക്രമീകരണങ്ങള്‍ ഉറപ്പാക്കികൊണ്ട് കരുതലോടെ പരീക്ഷ നടത്തും. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ഉറപ്പ് പരിഗണിച്ചാണ് പ്ലസ് വണ്‍ പരീക്ഷക്ക് കോടതി അനുമതി നല്‍കിയത്.വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണമായ സംരക്ഷണം ഉറപ്പാക്കണമെന്നതടക്കമുള്ള കോടതി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായും പാലിക്കാനുള്ള തയ്യാറെടുപ്പിലാണ്.
സ്‌കൂള്‍ തുറക്കലിലും വൈകാതെ തീരുമാനം വരും. സുപ്രീം കോടതി ഉത്തരവ് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനമെടുക്കാനും സര്‍ക്കാറിന് ബലം പകരുന്നു.ഒക്ടോബറോടെ സ്‌കൂള്‍ തുറക്കാനാവുമെന്നാണ് പ്രതീക്ഷ. തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നപ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വന്നതടക്കമുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിവിധ വകുപ്പുകളുമായി ആലോചിച്ച് കരുതലോടെയാവും തീരുമാനം.