മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ എം റോയ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു.85 വയസ്സായിരുന്നു.ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെ എറണാകുളം കടവന്ത്രയിലെ വസതിയിലായിരുന്നു അന്ത്യം. പ്രഭാഷകനായും കോളമിസ്റ്റായും നോവലിസ്റ്റായും തിളങ്ങിയ ബഹുമുഖ പ്രതിഭയായ മാധ്യമ പ്രവര്‍ത്തകനായിരുന്നു കെ എം റോയ്.

എറണാകുളം മഹാരാജാസ് കോളജില്‍ എം എ വിദ്യാര്‍ഥിയായിരിക്കെ 1961 ല്‍ കേരളപ്രകാശം എന്ന പത്രത്തിലൂടെയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ദേശബന്ധു, കേരള ഭൂഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.പിന്നീട് എക്കണോമിക്സ് ടൈംസ്,ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്ററായാണ് വിരമിച്ചത്.

അമേരിക്കന്‍ ഫൊക്കാന അവാര്‍ഡ്,സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം,സി പി ശ്രീധരമേനോന്‍ സ്മാരക മാധ്യമ പുരസ്‌കാരം, ശിവറാം അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും കെ എം റോയിയെ തേടിയെത്തിയിരുന്നു.ഇരുളും വെളിച്ചവും അടക്കം ഏതാനും പുസ്തകങ്ങളും കെ എം റോയി രചിച്ചിട്ടുണ്ട്.സംസ്‌കാരം നാളെ തേവര സെന്റ് ജോസഫ് പള്ളിയില്‍ നടക്കും.