ഐജിയുടെ ചെരിപ്പ് മോഷണം പോയി;സിസിടിവി തുണച്ചു; ഉന്നത ഉദ്യേഗസ്ഥന്റെ ചെരിപ്പ് കട്ട കള്ളനെ കണ്ടെത്തി പോലീസ്

ശബരിമല സന്ദര്‍ശനത്തിനെത്തിയ ഐ ജി പി.വിജയന്റെ ചെരിപ്പ് മോഷണം പോയി. നടപ്പന്തലില്‍ അഴിച്ച് വച്ച ചെരിപ്പാണ് കാണാതായത്.ക്ഷേത്രത്തിലും പരിസരത്തും സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തൊണ്ടിമുതലും കള്ളനേയും കണ്ടെത്തിയത്. എന്നാല്‍ മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ക്ഷേത്ര പരിസരത്ത് എത്തിയ ഒരു നായയാണ് ഐജിയുടെ ചെരിപ്പ് കട്ടത്. നായ ചെരുപ്പ് കടിച്ചെടുത്തു കൊണ്ടുപോകുന്നതും ക്ഷേത്ര ഗോപുരത്തിന് വലതുഭാഗത്ത് മൈതാനത്ത് ഉപേക്ഷിക്കുന്നതും സിസിടിവിയില്‍ വ്യക്തമായതോടെ ഉന്നത ഉദ്യേഗസ്ഥന്റെ ചെരിപ്പ് കട്ട കള്ളനെ മനസ്സിലായി.

ശബരിമല സന്ദര്‍ശനത്തിന് പോകുന്ന വഴിയില്‍ എരുമേലി വലിയമ്പലത്തില്‍ കയറിയപ്പോഴാണ് ഐജിയുടെ ചെരിപ്പ് കാണാതാവുന്നത്.ഐജി വിഷയം സി ഐ മനോജ് മാത്യുവിനോട് പറയുകയും തുടര്‍ന്ന് സിസിടിവി പരിശോധിക്കുകയുമായിരുന്നു. ഞൊടിയിടയില്‍ കാര്യങ്ങള്‍ കണ്ടെത്തിയ എരുമേലി പോലീസിന് ഐ ജിയുടെ അഭിനന്ദനം. 36 ക്യാമറകളാണ് എരുമേലി ടൗണില്‍ സ്ഥാപിച്ചിട്ടുള്ളത്.അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ക്യാമറകളാണ് എരുമേലി നഗരത്തിലും ക്ഷേത്രത്തിലും ആയി സ്ഥാപിച്ചിട്ടുള്ളത്. ഏതായാലും എരുമേലിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വലിയ ക്രമീകരണങ്ങളില്‍ ഐ ജി പി വിജയന്‍ സംതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന് ദര്‍ശനത്തിനായി ശബരിമലയിലേക്ക് മടങ്ങുകയും ചെയ്തു.