വിരാട് കോലി ആർ സി ബി ക്യാപ്റ്റൻ സ്ഥാനം ഒഴിയണം ; ആവശ്യവുമായി ബാല്യകാല പരിശീലകൻ

വിരാട് കോലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന് ബാല്യകാല പരിശീലകൻ രാജ്‌കുമാർ ശർമ്മ. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതോടെ കോലി കുറേക്കൂടി ഫ്രീയാകുമെന്നും അത് അദ്ദേഹത്തിൻ്റെ ബാറ്റിംഗിനെ തുണയ്ക്കുമെന്നും മുൻ രഞ്ജി താരം കൂടിയായ രാജ്കുമാർ പറഞ്ഞു.

“അദ്ദേഹം ആർസിബി ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്നാണ് ഞാൻ ചിന്തിക്കുന്നത്. ഫ്രാഞ്ചൈസിക്ക് വേണ്ടി ബാറ്റ്സ്മാനായിത്തന്നെ കളിക്കണം. അത് അദ്ദേഹത്തിനു ഗുണം ചെയ്യും. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാൻ ഇത് അദ്ദേഹത്തെ സഹായിക്കും.”- രാജ്‌കുമാർ ശർമ്മ പറഞ്ഞു.

ഐസിസി ട്രോഫികളില്ല എന്നത് ഒരു കുറവല്ലെന്നും കോലി മൂന്ന് ഫോർമാറ്റുകളിലെയും ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണെന്നും അദ്ദേഹം പറഞ്ഞു .


കഴിഞ്ഞ ദിവസമാണ് താൻ ടി-20 ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വിരമിക്കുമെന്ന് കോലി പ്രഖ്യാപിച്ചത്. ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനു ശേഷമാവും വിരമിക്കൽ. ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് വിരാട് പറയുന്നു. ഒന്‍പത് വര്‍ഷത്തോളമായി മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ചു വരികയാണ്. 5-6 വര്‍ഷമായി നായകനെന്ന നിലയില്‍ തുടരുന്നു. തനിക്ക് സ്വന്തമായി ഇടം നല്‍കണമെന്ന് സ്വയം തോന്നുകയാണ്. ട്വന്റി-20യില്‍ ബാറ്റ്‌സ്മാനായി തുടരാനാണ് താത്പര്യമെന്നും വിരാട് വിശദീകരിക്കുന്നു.