വ്യവസായി ഷറഫുദ്ദീന് ലൈംഗിക ശേഷി ഉണ്ടെന്ന് കണ്ടെത്തല്‍; തലശ്ശേരിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

തലശ്ശേരിയില്‍ വ്യവസായി ഷറാറ ഷറഫുദ്ദീന്‍ പതിനഞ്ച് കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.സംഭവം നടന്ന് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.കഴിഞ്ഞ മാര്‍ച്ചിലാണ് തലശ്ശേരിയിലെ വ്യവസായി ഷറാറ ഷറഫുദ്ദീന്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ സഹായത്തോടെ ഓട്ടോറിക്ഷയില്‍ വച്ച് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീടും പണവും വാഗ്ദാനം ചെയ്തായിരുന്നു പീഡനശ്രമം എന്നാണ് ധര്‍മ്മടം പൊലീസിന്റെ കണ്ടെത്തല്‍.ഓട്ടോയിലുള്ള പെണ്‍കുട്ടിയെ കണ്ട ഷറഫുദ്ദീന്‍ പ്രതികള്‍ക്ക് വീടും പണവും വാഗ്ദാനം ചെയ്യുകയും , പത്ത് ദിവസത്തേക്ക് കുട്ടിയെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. കുട്ടിയുടെ ഇളയമ്മയും ഭര്‍ത്താവും ചേര്‍ന്ന് കുട്ടിയെ തലശ്ശേരിയിലെ ഷറഫുദ്ദീന്റെ വീടിന് മുന്നില്‍ എത്തിക്കുകയായിരുന്നു. ഇവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.

പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് കൊണ്ടുപോയപ്പോഴാണ് പീഡന ശ്രമം പുറത്തറിയുന്നത്. ഇളയച്ചനും കുട്ടിയെ പലതവണ പീഡിപ്പിച്ചുണ്ടെന്നും കുട്ടി മൊഴി നല്‍കി.
വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ ധര്‍മ്മടം പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരുന്നു.ഇവര്‍ക്ക് കോടതി ജാമ്യം നല്‍കി.ഇതിനിടെ തനിക്ക് ലൈംഗിക ശേഷി ഇല്ലെന്ന് പറഞ്ഞ് കേസ് ഇല്ലാതാക്കാന്‍ ഷറാറ ഷറഫുദ്ദീന്‍ കോടതിയെ സമീപിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് ലൈംഗിക ശേഷി ഇല്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍പ്രോസിക്യൂഷന്‍ വീണ്ടും കോടതിയെ സമീപിച്ചതോടെ ഡിഎംഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ഷറഫുദ്ദീന് ലൈംഗിക ശേഷി ഉണ്ടെന്ന് കണ്ടെത്തി. തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.