രക്തസാക്ഷി അഴീക്കോടന്‍ രാഘവന്റെ ജീവിതസഖി മീനാക്ഷിടീച്ചര്‍ വിടവാങ്ങി

ധീര രക്തസാക്ഷി അഴീക്കോടന്‍ രാഘവനടുത്തേക്ക് ഭാര്യ മീനാക്ഷിടീച്ചറും യാത്രയായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സമരപോരാട്ടങ്ങള്‍ നിറഞ്ഞ അഴീക്കോടന്‍ രാഘവന്റെ ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്നു ടീച്ചര്‍. പ്രതിസന്ധികളില്‍ തളരാതെ സധൈര്യം കൂടെ നിന്നു ടീച്ചര്‍.1956ലായിരുന്നു അഴീക്കോടന്‍ രാഘവനുമായുള്ള വിവാഹം. 1972 സെപ്ബതംബര്‍ 23നാണ് ഇടതുമുന്നണി കണ്‍വീനറും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ അഴീക്കോടന്‍ രാഘവന്‍ തൃശൂരില്‍ കൊല്ലപ്പെടുന്നത്. 16 വര്‍ഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം.

നിനച്ചിരിക്കാതെയുണ്ടായ അഴീക്കോടന്റെ വേര്‍പാടിനെ അത്രയുംകാലത്തെ സ്നേഹനിര്‍ഭരമായ ജീവിതത്തിന്റെ കരുത്തിലാണ് ടീച്ചര്‍ അതിജീവിച്ചത്. പറക്കമുറ്റാത്ത അഞ്ചു മക്കളും രണ്ടു പേരുടെയും അമ്മമാരും അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം അധ്യാപനജോലിയുടെ പിന്തുണയില്‍ മീനാക്ഷി ടീച്ചര്‍ നിര്‍വഹിച്ചു. 34 വര്‍ഷം പള്ളിക്കുന്ന് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു.എന്‍സി ശേഖര്‍ പുരസ്‌കാരം, ദേവയാനി സ്മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയ മീനാക്ഷി ടീച്ചര്‍ പ്രധാന അധ്യാപികയായാണ് വിരമിച്ചത്. ജനനേതാവിന്റെ ജീവിത പങ്കാളിയായ, ത്യാഗജീവിതം നയിച്ച മീനാക്ഷി ടീച്ചര്‍ ചാലാട്ടെ മത്തിക്കുട്ടിയുടെയും മാതയുടെയും മകളാണ്.