ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ ഓഡിറ്റോറിയമാക്കി മാറ്റി; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; രവിപിള്ളയുടെ മകന്റെ വിവാഹച്ചടങ്ങിനെ വിമര്‍ശിച്ച് കോടതി

രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.കൊവിഡിന്റെ പശ്ചാത്തലത്തില്‍ 12 പേര്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും നിരവധി പേരാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.


എല്ലാ വിശ്വാസികള്‍ക്കും ഗുരുവായൂരില്‍ ഒരേ പോലെ കല്യാണം നടത്താന്‍ അവകാശമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ സ്വമേധയ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. വിവാഹം നടത്തുന്നതിന് വേണ്ടി, ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ ഓഡിറ്റോറിയമാക്കി മാറ്റിയെന്നും കോടതി വിമര്‍ശിച്ചു.കല്യാണ വീഡിയോ പരിശോധിച്ച കോടതി, കല്യാണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി. വിശ്വാസികളില്‍ ഭരണഘടനാ പദവി ഉള്ളവര്‍ എന്നോ കൂലി പണിക്കാര്‍ എന്നോ ഇല്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു.


സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും, കെ ബാബുവും അടങ്ങുന്ന ബെഞ്ച് സ്വമേധയാ കേസെടുത്തത്.കേസില്‍ രവി പിള്ള, തൃശൂര്‍ എസ്പി, സെക്ടറല്‍ മജിസ്ട്രേറ്റ് എന്നിവരെ കോടതി കക്ഷി ചേര്‍ത്തു. കേസ് ഒക്ടോബര്‍ 5ന് വീണ്ടും പരിഗണിക്കും.