ശ്രീലങ്കന്‍ ഇതിഹാസ പേസര്‍ ലസിത് മലിംഗ വിരമിച്ചു

ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം ലസിത് മലിംഗ വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന്തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ താരം തന്നെയാണ് അറിയിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാല് പന്തുകളില്‍ വിക്കറ്റിട്ട് ഡബിള്‍ ഹാട്രിക്ക് തികച്ച ഒരേയൊരു ബൗളറാണ് മലിംഗ. ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാള്‍. അസാധാരണമായ ബൗളിംഗ് ആക്ഷനും കൃത്യതയാര്‍ന്ന യോര്‍ക്കറുകളും കൊണ്ട് ശ്രദ്ധേയനായ താരം

രണ്ട് ലോകകപ്പ് ഹാട്രിക്കുകള്‍ നേടിയ ഒരേയൊരു താരം, രാജ്യാന്തര ക്രിക്കറ്റില്‍ അഞ്ച് ഹാട്രിക്കുകള്‍ തികച്ച ആദ്യ താരം, ഏറ്റവുമധികം ഹാട്രിക്കുകള്‍ ഉള്ള താരം എന്നിങ്ങനെ റെക്കോര്‍ഡ് നേട്ടങ്ങളാണ് മലിംഗ കൈവരിച്ചിട്ടുള്ളത്. 2014 ടി-20 ലോകകപ്പില്‍ ശ്രീലങ്ക ജേതാക്കളാവാനുള്ള കാരണവും ഇതിഹാസ പേസര്‍ ലസിത് മലിംഗയായിരുന്നു. ക്രിക്കറ്റ് യാത്രയില്‍ തന്നെ പിന്തുണച്ചവര്‍ക്ക് മലിംഗ നന്ദി അറിയിച്ചു. തന്റെ അനുഭവ സമ്പത്ത് യുവ താരങ്ങള്‍ക്ക് പകര്‍ന്നുനല്‍കുമെന്നും മലിംഗ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.