സംഘപരിവാര്‍ മനസുള്ള ഒരാളാണ് കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നതെന്ന് രാജിവെച്ച കോണ്‍ഗ്രസ് നേതാവ് കെ.പി. അനില്‍കുമാര്‍. കെ സുധാകരന്റെ നടപടികള്‍ അഫ്ഗാന്‍ പിടിച്ചെടുത്ത താലിബാന്‍ പോലെയാണ്. കെ പി സി സി യില്‍ നടക്കുന്നത് ഏകാധിപത്യ പ്രവണതയാണെന്നും അനില്‍കുമാര്‍. താന്‍ ഗ്രൂപ്പിസത്തിന്റെ ഭാഗമാകാതിരുന്നതിനാലാണ് തന്നെ പാര്‍ട്ടിയോട് അടുപ്പിക്കാത്തത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം പാര്‍ട്ടി മറ്റ് പദവികള്‍ നല്‍കിയില്ല. 2016 ല്‍ കൊയിലാണ്ടി സീറ്റ് നിഷേധിക്കുകയും കെപിസിസി നിര്‍വാഹ സമിതിയില്‍ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്തു. എന്നാല്‍ പരസ്യമായി താന്‍ പൊട്ടിത്തെറിച്ചില്ലെന്നും പരാതി പറയാതെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്തതെന്നും അനില്‍കുമാര്‍ പറഞ്ഞു. നീതിനിഷേധമാണ് ഇന്ന് കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും കെ പി അനില്‍കുമാര്‍ കുറ്റപ്പെടുത്തി.
എ വി ഗോപിനാഥിനും പി എസ് പ്രശാന്തിനും ശേഷം കോണ്‍ഗ്രസ് വിടുന്ന മൂന്നാമത്തെ പ്രമുഖ നേതാവാണ് അനില്‍ കുമാര്‍.അല്‍പ സമയം മുന്‍പാണ് കോണ്‍ഗ്രസില്‍ നിന്ന് അനില്‍ കുമാര്‍ രാജി പ്രഖ്യാപിച്ചത്.43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം വിട്ടതായി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിക്കും കെ സുധാകരനും അനില്‍കുമാര്‍ രാജിക്കത്ത് നല്‍കി.
