വിവാദ സിലബസ് മരവിപ്പിച്ചിട്ടില്ലെന്ന് കണ്ണൂർ സർവ്വകലാശാല വി സി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ

കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ പ്രതികരണവുമായി വൈസ് ചാൻസിലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ. സിലബസ് കാവിവത്കരണമായി കാണാനാവില്ലെന്നും പുതിയ പ്രോഗ്രാമുകളുടെ സിലബസ് തയ്യാറാക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. സിലബസിൽ പോരായ്മകളുണ്ട് .

സവർക്കറും ഗോൾവാൾക്കറും വായിക്കപ്പെടേണ്ടവരാണ്. സിലബസ് പഠിക്കാൻ സർവകലാശാലയ്ക്ക് പുറത്തുനിന്നുള്ള രണ്ടംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. പ്രൊഫസർ ജയപ്രഭാഷ്, പ്രൊഫസർ പവിത്രൻ എന്നിവരാണ് സമിതിയിൽ ഉള്ളത്. സമിതി നൽകുന്ന റിപ്പോർട്ട് പരിഗണിച്ച് ആവശ്യമെങ്കിൽ സിലബസ് മാറ്റും. സിലബസ് മരവിപ്പിച്ചിട്ടില്ല എന്നും വിസി കൂട്ടിച്ചേർത്തു. നേരത്തെ, സിലബസ് പിൻവലിക്കില്ലെന്ന് വിസി അറിയിച്ചിരുന്നു. ഈ നിലപാട് പിൻവലിച്ചാണ് പുതിയ വെളിപ്പെടുത്തൽ.

സർവകലാശാല സിലബസ് വിവാദത്തിൽ വിശദീകരണം തേടിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. വൈസ് ചാൻസലറോടാണ് വിശദീകരണം തേടിയത്. വർഗീയത സിലബസിൻ്റെ ഭാഗമാകുന്നത് അപകടകരമാണെന്ന് ആർ ബിന്ദു പറഞ്ഞു. വിശദീകരണം ലഭിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.