വിസ്മയയുടെ മരണം ആത്മഹത്യ തന്നെ ; കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊല്ലാതെ വിസ്മയയുടെ മരണം ആത്മഹത്യ തന്നെയെന്ന് കൊല്ലം റൂറൽ എസ് പി കെ ബി രവി. സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നതായും റൂറൽ എസ പി പറഞ്ഞു. കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും.500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിക്കുന്നത്. 102 സാക്ഷികളുണ്ട്, 92 റെക്കോ‍ർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റൽ തെളിവുകൾ നന്നായി തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഡിവൈഎസ്പി രാജ് കുമാർ അവകാശപ്പെട്ടു. മാധ്യമങ്ങളുടെ പിന്തുണ പ്രശംസനീയമായിരുന്നുവെന്നും പൊലീസ് പറയുന്നു. വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹന വകുപ്പ് മുൻ ജീവനക്കാരനുമായ കിരൺകുമാർ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ 9 വകുപ്പുകള്‍ കുറ്റപത്രത്തിൽ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. ശാസ്താം കോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.പ്രതിയുടെ സ്വാഭാവിക ജാമ്യം തടയാൻ കൂടിയാണ് വിസ്മയ ആത്മഹത്യ ചെയ്ത് 90 ദിവസം തികയും മുമുൻപ് തന്നെ കുറ്റപത്രം സമർപ്പിക്കുന്നത്.


കുറ്റപത്രം സമർപ്പിക്കപ്പെട്ടാല്‍ കേസിലെ വിചാരണ കഴിയുംവരെ കിരൺകുമാർ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത മങ്ങും. വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തിൽ കിരണിന് എതിരായ മുഖ്യ തെളിവ് . വിസ്മയ കടുത്ത മാനസ്സിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.വിസ്മയയുടെ മൃതശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദര്‍, വിസ്മയയുടെ സുഹൃത്തുകള്‍, ബന്ധുക്കള്‍ എന്നിവരടങ്ങുന്നതാണ് സാക്ഷിപട്ടിക. സ്ത്രീധന പീഡനവും, സ്ത്രീ പീഡനവും ഉൾപ്പടെ ഏഴ് വകുപ്പുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.