സിലബസ് വിവാദം ;സർവ്വകലാശാല യൂണിയന്റെ നിലപാടിനെ പിന്തുണച്ച എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം

കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ സംഘപരിവാര്‍ നേതാക്കളെക്കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച കണ്ണൂർ സർവകലാശാല യൂണിയന്‍ ചെയര്‍മാനെ പിന്തുണച്ച് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണന്‍. ജെ.എന്‍.യുവില്‍ പഠിക്കുമ്പോള്‍ സവര്‍ക്കറുടെ പുസ്തകം പഠിച്ചിട്ടുണ്ട് . അതുകൊണ്ട് ആരെങ്കിലും ഹിന്ദുത്വത്തിന്റെ പിന്നാലെ പോയെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. സവര്‍ക്കര്‍ മുന്നോട്ടുവച്ചതുള്‍പ്പടെ എല്ലാ രാഷ്ട്രീയ ധാരകളെയും വിമര്‍ശനാത്മകമായി പഠിക്കാന്‍ അവസരമുണ്ടാകണമെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ സഖാവ് ഹസന്‍ പറഞ്ഞത് എസ്.എഫ്.ഐ നിലപാട് തന്നെയാണെന്നും നിതീഷ് നാരായണന്‍ വ്യക്തമാക്കി.ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം .

നിതീഷ് നാരായണന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം

സവർക്കറുടെ ഒരു പുസ്തകം ഞാൻ ആദ്യമായി വായിക്കുന്നത് ജെ എൻ യുവിലെ എംഎ കാലത്താണ്. അതും സംഘപരിവാരത്തിൻ്റെ വലിയ വിമർശകരിൽ ഒരാളായ പ്രഫസർ നിവേദിത മേനോൻ പഠിപ്പിച്ച പൊളിറ്റിക്കൽ തോട്ട് എന്ന കോഴ്സിൻ്റെ ഭാഗമായി. അംബേദ്ക്കറിൻ്റെയും ഗാന്ധിയുടെയും എ കെ രാമാനുജൻ്റെയുമൊക്കെ രചനകൾ ഒപ്പമുണ്ടായിരുന്നു. ആ ക്ലാസിൽ ഇരുന്നിട്ട് ആരെങ്കിലും ഹിന്ദുത്വത്തിൻ്റെ പിന്നാലെ പോയെന്ന് ഏതെങ്കിലും ഒരാൾ പറയുമെന്ന് തോന്നുന്നില്ല.
സവർക്കർ മുന്നോട്ടുവച്ചതുൾപ്പടെ എല്ലാ രാഷ്ട്രീയ ധാരകളെയും വിമർശനാത്മകമായി പഠിക്കാൻ അവസരമുണ്ടാകണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സഖാവ് ഹസൻ പറഞ്ഞതിനൊപ്പമാണ്. വിമർശനാത്മകവും സംവാദാത്മകവും ധൈഷണികവുമായ അക്കാദമിക് അന്തരീക്ഷമാണ് ഒരുക്കപ്പെടേണ്ടത്. താലിബാനിസമല്ല.

അതേസമയം യൂണിയന്‍ ചെയര്‍മാനെ തള്ളി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് എം.എല്‍.എ രംഗത്തെത്തി. ഒരു സര്‍വകലാശാലയിലും അനുവദിക്കാന്‍ കഴിയാത്ത വിഷയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.