ഹരിതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വഷളാക്കിയത് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമെന്ന് എം എസ് എഫിലെ ഒരു വിഭാഗം; എം.എസ്.എഫ് ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂറിന്റെ നേതൃത്വത്തില്‍ എട്ട് സംസ്ഥാന ഭാരവാഹികള്‍ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് നൽകിയ കത്തിലാണ് വിമര്‍ശനം. പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ലീഗ് നേതൃത്വത്തിന് പാളിച്ചയുണ്ടായെന്നും പി.എം.എ സലാമിന്റെ അപക്വമായ ഇടപെടലാണ് പരാതി വനിതാകമ്മീഷൻ വരെ എത്തിച്ചതെന്നുമാണ് കത്തിലെ വിമർശനം. പാർട്ടിഭരണഘടന പ്രകാരം അധികാരമില്ലാത്ത ഉന്നതാധികാര സമിതിയാണ് ഹരിതയെ പിരച്ചുവിട്ടത്, ഈ നടപടി നീതീകരിക്കാനാവില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. .നവാസിന്റെ ഭാഗത്ത് നിന്ന് യോഗത്തിൽ സ്ത്രീവിരുദ്ധ പരാമർശമുണ്ടായിട്ടുണ്ടെന്നും ദേശീയ നേതൃത്വത്തിനയച്ച കത്തില്‍ നേതാക്കള്‍ പറയുന്നു. പ്രസ്തുത വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് കത്തു നല്‍കിയിട്ടും ഒരു തരത്തിലുള്ള ഇടപെടലുമുണ്ടായിട്ടില്ല. എന്നാല്‍ ദേശീയ നേതൃത്വം അനുകൂല നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എം.എസ്.എഫിന്‍റെ ചുമതലയില്‍ നിന്ന് സി.പി ചെറിയ മുഹമ്മദിനെ മാറ്റണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ഒരു വിഭാഗത്തിന് അനുകൂലമായി മാത്രമാണ് സി.പി ചെറിയ മുഹമ്മദ് ഇടപെടല്‍ നടത്തുന്നതെന്നാണ് ആരോപണം.