മിഠായിത്തെരുവില്‍ തീപിടിത്തം; വിശദമായി അന്വേഷിച്ച് ശാശ്വത പരിഹാരം കാണാനുള്ള ആലോചനകള്‍ നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് മിഠായിത്തെരുവില്‍ തീപിടിത്തം. കടകളില്‍ ആളുകള്‍ കുറവായതിനാല്‍ ദുരന്തം ഒഴിവായി. പാളയം മൊയ്തീന്‍ പള്ളിക്ക് സമീപത്താണ് തീപിടിത്തമുണ്ടായത്. ഇവിടെയുള്ള ഒരു ചെരുപ്പ് കടയില്‍ നിന്നാണ് തീ പടര്‍ന്നത്. പാളയം മൊയ്തീന്‍ പള്ളിക്ക് സമീപത്തുള്ള വി.കെ.എം ബില്‍ഡിങ് ഷോപ്പിങ് കോംപ്ലക്സിലെ ജെ.ആര്‍ ഫാന്‍സി എന്ന ചെരുപ്പ് കടക്കാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സിന്റെ എട്ട് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. ആറ് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്ത് എത്തി. അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ തീ പൂര്‍ണമായും അണച്ചു.തീപിടിച്ച ചെരുപ്പ് കടയുടെ സമീപത്തെ കടയില്‍ ഒരു സ്ത്രീമാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ ഫയര്‍ഫോഴ്സ് പെട്ടന്ന് തന്നെ പുറത്തെത്തിക്കുകയായിരുന്നു. വൈദ്യുത സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് നിഗമനം.


അതേസമയം മിഠായിത്തെരുവില്‍ ഇടക്കിടെ തീപിടിത്തമുണ്ടാവുന്നത് അന്വേഷിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.ഫയര്‍ഫോഴ്സിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണാനുള്ള ആലോചനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.