കേരളത്തെ നടുക്കിയ മാനസയുടെ കൊലപാതകത്തില്‍ ഒരു അറസ്റ്റ് കൂടി.മാനസയെ കൊലപ്പെടുത്തിയ രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ തെളിവെടുപ്പിനായി ബിഹാറിലേക്ക് കൊണ്ടുപോയി.കൊല്ലപ്പെട്ട മാനസയും രഖിലുമായുള്ള ബന്ധം തകര്‍ന്ന ശേഷം ആദിത്യനൊപ്പമായിരുന്നു രഖില്‍ ബിഹാറില്‍ പോയത്. ഇവിടെ നിന്നാണ് കൊലപാതകം നടത്താന്‍ ഉപയോഗിച്ച തോക്ക് സംഘടിപ്പിച്ചത്. രഖിലിന് തോക്ക് വിറ്റ കേസില്‍ ബിഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോദി, മനേഷ് കുമാര്‍ വര്‍മ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ ആദിത്യന്‍ രഖിലിന്റെ ഉറ്റസുഹൃത്തിന് പുറമെ ബിസിനസ് പങ്കാളിയുമാണ്. ഇതരസംസ്ഥാനത്തൊഴിലാളികളെ ജോലിക്ക് വേണ്ടി കൊണ്ടുവരാനെന്ന പേരിലാണ് രഖിലും ആദിത്യനും ബിഹാറിലേക്ക് പോയത്. ഏഴ് തിരകള്‍ ഉപയോഗിക്കാവുന്ന 7.62 എംഎം വിഭാഗത്തിലുള്ള പിസ്റ്റള്‍ ഉപയോഗിച്ചാണ് രഖില്‍ മാനസയെ കൊലപ്പെടുത്തിയത്. ഇതിനായി കോതമംഗലത്ത് മാനസ താമസിച്ച വീടിനോട് ചേര്‍ന്ന് വാടകയ്ക്ക് വീടെടുത്ത് ദിവസങ്ങളോളം മാനസയെ ഇയാള്‍ നിരീക്ഷിച്ചിരുന്നു. മാനസയെ കൊലപ്പെടുത്തി അതേ തോക്കുപയോഗിച്ച് രഖില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.