നിപ രണ്ട് പേര്‍ക്ക് കൂടി നെഗറ്റീവ്; ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായി അടച്ചിടാന്‍ തീരുമാനം

 

നിപ ബാധിച്ച് മരിച്ച 12 കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേരുടെയും കൂടി ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതോടെ സമ്പര്‍ക്ക പട്ടികയിലുള്ള 10 പേരുടെ പരിശോധന ഫലം നെഗറ്റീവായി. കുട്ടിയുടെ മാതാപിതാക്കളടക്കമുള്ളവര്‍ക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. പ്രതിരോധത്തിന്റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായി അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അവശ്യ സേവനങ്ങള്‍ക്ക് മാത്രമായിരിക്കും അനുമതി.

അതേസമയം, ഫലങ്ങള്‍ ആശ്വാസം നല്‍കുന്നതാണെന്നും എന്നാല്‍ ജാഗ്രതിയില്‍ ഒട്ടും വിട്ടുവീഴ്ചയില്ലെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കി. 11 പേരുടെ പരിശോധന ഫലങ്ങള്‍ കൂടി ഇനി വരാനുണ്ട്. മെഡിക്കല്‍ കോളേജില്‍ നിലവില്‍ 48 പേരാണ് നിരീക്ഷണത്തിലുളളത്. ഇവരുടെ സ്രവ സാംപിളുകള്‍ ഇന്ന് മെഡിക്കല്‍ കോളജിലെ ലാബില്‍ പരിശോധിക്കും. ഫലം പോസിറ്റീവാണെങ്കില്‍ പൂണെ ലാബില്‍ വീണ്ടും പരിശോധന നടത്തിയ ശേഷമാകും സ്ഥിരീകരണം.

പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച എട്ട് സാംപിളുകളിലും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്നലെ പ്രവര്‍ത്തനം തുടങ്ങിയ ലാബില്‍ പരിശോധിച്ച രണ്ട് സാംപിളുകളിലും നിപ വൈറസ് സാന്നിധ്യമില്ലെന്ന റിപ്പോര്‍ട്ട് പുലര്‍ച്ചെ എത്തി. രാവിലെ എട്ട് മണിയോടെ മാധ്യമങ്ങളെ കണ്ട ആരോഗ്യ മന്ത്രി ആശ്വാസ വാര്‍ത്ത പുറത്തുവിട്ടു.