കേരളം തുറന്നു ; രാത്രി കർഫ്യുവും ​ഞായറാഴ്ച ലോക്​ഡൗണും പിൻവലിച്ചു

സംസ്ഥാനത്ത്​ ഏർപ്പെടുത്തിയ രാത്രി കർഫ്യുവും ​ഞായറാഴ്ച ലോക്​ഡൗണും പിൻവലിച്ചു. ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഒക്ടോബർ നാലു മുതൽ ടെക്നിക്കൽ, പോളി ടെക്നിക്, മെഡിക്കൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള ബിരുദ- ബിരുദാനന്തര സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവസാന വർഷ വിദ്യാർഥികൾക്ക്​ മാത്രമാവും ക്ലാസുണ്ടാവുക. അധ്യാപകരും വിദ്യാർഥികളും ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്​കൂൾ- കോളജ്​ അധ്യാപകർ നിർബന്ധമായി വാക്​സിനെടുത്തിരിക്കണം. കോവിഡ്​ അ​വലോകന യോഗത്തിന്​ ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ വലിയ വർധനവില്ല. ആഗസ്റ്റിൽ 18 ശതമാനത്തിന്​ മുകളിലുണ്ടായിരുന്ന ശരാശരി ടി.പി.ആർ സെപ്​റ്റംബർ ആദ്യ വാരത്തിൽ കുറഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.