നിപ വ്യാപനത്തില്‍ പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനമെന്നും അതിന് സാധിച്ചാല്‍ നിപ വ്യാപനം ഒഴിവാക്കാനാകുമെന്നും കെ കെ ശൈലജ പ്രതികരിച്ചു .അധികം പകർച്ചയില്ലാതെ നിപയെ നമുക്ക് തടയാനാകും. വീണ്ടും രോഗം വരാനുള്ള സാധ്യത വിദഗ്ധർ മുൻകൂട്ടി കണ്ടതാണ്. മുൻപ് ഉണ്ടായിരുന്ന വിദഗ്ധ സംഘം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂരിലും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ലക്ഷണങ്ങൾ കണ്ടാൽ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ നടുക്കിയ നിപ വൈറസിന്റെ മൂന്നാം വരവിൽ, മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തിയത്. ഇതിൽ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോൾ.അതേസമയം നിപബാധയെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വീണ ജോർജ്ജ് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.