സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണ്‍. നിയന്ത്രണങ്ങളില്‍ മാറ്റമില്ല. രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. ഞായറാഴ്ച ലോക്ക് ഡൗണും രാത്രി കാല കര്‍ഫ്യൂവും പിന്‍വലിക്കും എന്നായിരുന്നു പൊതുവെയുള്ള പ്രതീക്ഷ. രാത്രികാല കര്‍ഫ്യൂവിന്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു.

ആരോഗ്യവിഗ്ദ്ധരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ യോഗത്തില്‍ വാക്‌സീനേഷന്‍ ശക്തിപ്പെടുത്തിക്കൊണ്ട് കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണിന് സാധ്യതയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇനി ചൊവ്വാഴ്ച വിശദമായ ചര്‍ച്ച നടത്തും.