ഓക്സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗം പശു; മഴക്ക് കാരണമാകുന്നത് നെയ്യ്- അലഹബാദ് ഹൈക്കോടതി ജഡ്ജി

ഓക്സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗം പശുവാണെന്ന് അലഹാബാദ് ഹൈക്കോടതി ജഡ്ജി. പശുവിന്റെ നിലനില്‍പ്പ് ഇന്ത്യന്‍ സംസ്‌കാരത്തിന് അത്യാന്താപേക്ഷികമാണ്. ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഈ പരാമര്‍ശങ്ങള്‍. 12 പേജുള്ള വിധിന്യായത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇതേ കേസില്‍ പശുവിനെ ദേശീയമൃഗമാക്കണമെന്നും ജഡ്ജി നിരീക്ഷിച്ചിരുന്നു.ഒരു പശുവിനെയോ കാളയെയോ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിന് തുല്യമാണെന്നും ബീഫ് ഉപയോഗിക്കുക എന്നത് മൗലികാവകാശമല്ല. പശുവിനെ ദേശീയമൃഗമാക്കുന്നത് പാര്‍ലമെന്റ് പരിഗണിക്കണമെന്നും അദ്ദേഹം ഉത്തരവില്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ യജ്ഞങ്ങള്‍ക്ക് പശുവിന്‍ പാലില്‍ നിന്നുള്ള നെയ്യാണ് ഉപയോഗിക്കുന്നത്. സൂര്യകിരണങ്ങള്‍ക്ക് പ്രത്യേക ഊര്‍ജം നല്‍കുന്നതും മഴക്ക് കാരണമാകുന്നതും നെയ്യ് ഹോമിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു പശുവിന്റെ ജീവിതകാലത്തില്‍ 400 മനുഷ്യര്‍ക്കുള്ള പാല്‍ ഉല്‍പാദിപ്പിക്കുന്നു. എന്നാല്‍, 80 പേര്‍ക്കുള്ള ഇറച്ചി മാത്രമാണ് പശുവില്‍ നിന്ന് ലഭിക്കുകയെന്നും ദയാനന്ദ സരസ്വതിയെ ഉദ്ധരിച്ച് ജഡ്ജി വ്യക്തമാക്കി.