സതീശന്‍ പാച്ചേനി സ്വന്തം വീട് വിറ്റ് പണിത ഡി സി സി ഓഫീസ് : കണ്ണൂരിന് മാത്രമല്ല കേരളത്തിനാകെ അഭിമാനമെന്ന് വിടി ബല്‍റാം

കണ്ണൂരിലെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണ് കണ്ണൂര്‍ കോണ്‍ഗ്രസ് ഭവന്‍ എന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസെന്ന് വിടി ബല്‍റാം. പതിറ്റാണ്ടുകളായി പഴയ പാര്‍ട്ടി ഓഫീസ് നിലനിന്നിരുന്ന നഗരഹൃദയത്തിലെ സ്ഥലത്ത് തന്നെയാണ് ഏതാണ്ട് 27,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ മൂന്ന് നിലകളിലായി പുതിയ ഓഫീസ് പണിതീര്‍ത്തിരിക്കുന്നത്. 800-900 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയമടക്കം മൂന്ന് ഹാളുകളും ഓഫീസ് കാബിനുകളും മാത്രമല്ല, വിപുലമായ ഒരു ലൈബ്രറിയും റീഡിംഗ് റൂമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ഏറെ നാളത്തെ കഠിനാധ്വാനത്തിന് ശേഷം ഇത്തരമൊരു ഓഫീസ് കെട്ടിടം പണി പൂര്‍ത്തീകരിച്ചതില്‍ ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനിക്ക് അഭിമാനിക്കാം. സാമ്പത്തിക പ്രയാസത്താല്‍ പണി നിലച്ചുപോവുമായിരുന്ന ഒരു ഘട്ടത്തില്‍ സ്വന്തം വീട് പോലും വിറ്റിട്ടാണ് സതീശേട്ടന്‍ ഓഫീസ് പണിക്കായി പണം കണ്ടെത്തിയത്. കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടേയും പക്കല്‍ നിന്ന് പല ഘട്ടങ്ങളിലായി സംഭാവനയായി ലഭിച്ച ചെറിയ തുകകളല്ലാതെ മറ്റൊരു കുറുക്കുവഴിയും ധനസമാഹരണത്തിനായി സ്വീകരിച്ചിട്ടില്ല എന്നത് നമ്മുടെ നാട്ടിലെ പൊതു രാഷ്ട്രീയ സംസ്‌ക്കാരത്തിന് തന്നെ മികച്ച മാതൃകയാണ് സൃഷ്ടിച്ചിട്ടുള്ളത്.

തീര്‍ത്തും സുതാര്യമായി, ഓരോ ഘട്ടത്തിലും കണക്കുകള്‍ അവതരിപ്പിച്ച്, എല്ലാവരേയും വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി എന്നതില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ. ഓഫീസ് നിര്‍മ്മാണത്തിന് തുടക്കം കുറിച്ച യശശ്ശരീരനായ മുന്‍ ഡിസിസി പ്രസിഡണ്ട് കെ സുരേന്ദ്രനോടും ഈ പ്രസ്ഥാനത്തിന് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും വിടി ബല്‍റാം തന്റെ ഫേസ്്്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
കണ്ണൂരിലെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന കണ്ണൂര്‍ കോണ്‍ഗ്രസ് ഭവന്‍ എന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ്. പതിറ്റാണ്ടുകളായി പഴയ പാര്‍ട്ടി ഓഫീസ് നിലനിന്നിരുന്ന നഗരഹൃദയത്തിലെ സ്ഥലത്ത് തന്നെയാണ് ഏതാണ്ട് 27,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ മൂന്ന് നിലകളിലായി പുതിയ ഓഫീസ് പണിതീര്‍ത്തിരിക്കുന്നത്. 800-900 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയമടക്കം മൂന്ന് ഹാളുകളും ഓഫീസ് കാബിനുകളും മാത്രമല്ല, വിപുലമായ ഒരു ലൈബ്രറിയും റീഡിംഗ് റൂമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ഐടി സെല്ലിന്റെ പ്രവര്‍ത്തനങ്ങളടക്കം ആധുനിക സാങ്കേതികവിദ്യ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാകും. പരിശീലനത്തിനും മറ്റും വരുന്നവര്‍ക്കായി ഡോര്‍മിറ്ററിയും അത്യാവശ്യം താമസ സൗകര്യവും ഓഫീസിലുണ്ട്. വിപുലമായ പാര്‍ക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരുപക്ഷേ രാജ്യത്ത് തന്നെ ഇത്ര വിപുലമായ സൗകര്യങ്ങളോട് കൂടി ഒരു ഡി സി സി ഓഫീസ് യാഥാര്‍ത്ഥ്യമാവുന്നത് കണ്ണൂരിലാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ ഓഫീസ് മുറ്റത്ത് സ്ഥാപിക്കപ്പെടുന്നുണ്ട്.

ഏറെ നാളത്തെ കഠിനാധ്വാനത്തിന് ശേഷം ഇത്തരമൊരു ഓഫീസ് കെട്ടിടം പണി പൂര്‍ത്തീകരിച്ചതില്‍ ഡിസിസി പ്രസിഡണ്ട് ശ്രീ സതീശന്‍ പാച്ചേനിക്ക് അഭിമാനിക്കാം. സാമ്പത്തിക പ്രയാസത്താല്‍ പണി നിലച്ചുപോവുമായിരുന്ന ഒരു ഘട്ടത്തില്‍ സ്വന്തം വീട് പോലും വിറ്റിട്ടാണ് സതീശേട്ടന്‍ ഓഫീസ് പണിക്കായി പണം കണ്ടെത്തിയത്. കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടേയും പക്കല്‍ നിന്ന് പല ഘട്ടങ്ങളിലായി സംഭാവനയായി ലഭിച്ച ചെറിയ തുകകളല്ലാതെ മറ്റൊരു കുറുക്കുവഴിയും ധനസമാഹരണത്തിനായി സ്വീകരിച്ചിട്ടില്ല എന്നത് നമ്മുടെ നാട്ടിലെ പൊതു രാഷ്ട്രീയ സംസ്‌ക്കാരത്തിന് തന്നെ മികച്ച മാതൃകയാണ് സൃഷ്ടിച്ചിട്ടുള്ളത്.

തീര്‍ത്തും സുതാര്യമായി, ഓരോ ഘട്ടത്തിലും കണക്കുകള്‍ അവതരിപ്പിച്ച്, എല്ലാവരേയും വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി എന്നതില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ. ഓഫീസ് നിര്‍മ്മാണത്തിന് തുടക്കം കുറിച്ച യശശ്ശരീരനായ മുന്‍ ഡിസിസി പ്രസിഡണ്ട് ശ്രീ കെ സുരേന്ദ്രനോടും ഈ പ്രസ്ഥാനത്തിന് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്.

ഇന്ന് കാലത്ത് ശ്രീ രാഹുല്‍ ഗാന്ധി പുതിയ ഓഫീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു. എഐസിസി ജനറല്‍ സെക്രട്ടറി ശ്രീ കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡണ്ട് ശ്രീ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി.സതീശന്‍, യു ഡി എഫ് കണ്‍വീനര്‍ ശ്രീ എം എം ഹസ്സന്‍, മറ്റ് നേതാക്കള്‍ എന്നിവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം ഈ അഭിമാന നിമിഷത്തില്‍ പങ്കുചേരുന്നു. ശ്രീ മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ പുതിയ ഡിസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഓഫീസും അതിലര്‍പ്പിക്കപ്പെട്ട ആയിരക്കണക്കിന് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയവികാരവും കരുത്തായി മാറും.