ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിന് പുരസ്‌കാരം നല്‍കേണ്ടെന്ന് ജൂറി

 

29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിന് പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന് ജൂറി. സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും ജൂറി. സീരിയലുകള്‍ക്ക് നിലവാരവും കലാമൂല്യവുമില്ലെന്നും ജൂറി വിമര്‍ശിച്ചു.

വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു കാണുന്ന മാധ്യമമായതിനാല്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്ന് എന്‍ട്രികള്‍ വിലയിരുത്തികൊണ്ട് ജൂറി അഭിപ്രായപ്പെട്ടു. സംവിധായകന്‍ ആര്‍.ശരത് ചെയര്‍മാന്‍ ആയ ജൂറിയാണ് കഥാവിഭാഗം പുരസ്‌കാരം നിര്‍ണ്ണയിച്ചത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്.ഹരീഷ്, അഭിനേത്രി ലെന കുമാര്‍, സംവിധായകനും തിരക്കഥാകൃത്തുമായ സുുരേഷ് പൊതുവാള്‍, സംവിധായകന്‍ ജിത്തു കോളയാട് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയും അംഗമായിരുന്നു.