അയ്യപ്പനും കോശിയും റീമേക്ക് ; പൃഥ്വിരാജിന് പകരം അഭിഷേക് ബച്ചൻ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്

അയ്യപ്പനും കോശിയും ചിത്രത്തിന്‍റെ ഹിന്ദി റീമേക്കിൽ പൃഥിരാജിന്‍റെ റോളില്‍ അഭിഷേക്​ ബച്ചനുണ്ടാകില്ലെന്ന്​ റിപ്പോർട്ട്. അഭിഷേകിന്​ പകരം അർജുൻ കപൂറെത്തുമെന്നാണ്​ വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.സംവിധായകൻ ജഗൻ ശക്തി ഒരുക്കുന്ന ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യ​പ്പ​ന്‍റെ വേഷം ചെയ്യുക ജോൺ എബ്രഹാമായിരിക്കും.ജോണും അർജുനും നിലവിൽ ഏക്​ വില്ലൻ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണത്തിലാണ്​. അയ്യപ്പനും കോശിയുടെയും റീമേക്ക്​ അവകാശം ജോൺ എബ്രഹാം സ്വന്തമാക്കിയിരുന്നു. ജോണിന്‍റെ നിർമാണ കമ്പനിയായ ജെ.എ എൻറർടെയിൻമെൻറാണ്​ ചിത്രം നിർമിക്കുക. തമിഴിലും തെലുങ്കിലും ചിത്രം റീമേക്ക്​ ചെയ്യുമെന്ന്​ നേരത്തെ അറിയിച്ചിരുന്നു. 2020ലെ മലയാളത്തിലെ സൂപ്പർ ഹിറ്റ്​ ചിത്രങ്ങളിലൊന്നായ അയ്യപ്പനും കോശിയും അനാർക്കലിക്ക്​ ശേഷം സംവിധായകൻ സച്ചി സംവിധാനവും രചനയും നിർവഹിച്ച ചിത്രമായിരുന്നു.