മാസ്റ്റര്‍ പ്ലാനിനെ ചൊല്ലി ബഹളം; തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി

തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ ബഹളം.ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട യോഗത്തിലാണ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.മേയര്‍ എം. കെ വര്‍ഗീസിനെ പ്രതിപക്ഷം ഡയസില്‍ തടഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ മേയറുടെ ചേംബറില്‍ കയറി ബഹളംവച്ചു. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേധിച്ചത്. കൗണ്‍സില്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. തീരുമാനമുണ്ടാകുന്നതുവരെ രാപ്പകല്‍ സമരം നടത്തുമെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു

മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കിയാല്‍ തൃശ്ശൂരിന്റെ പൈതൃകം നഷ്ടമാകുമെന്നാണ് ഉന്നയിക്കപ്പെടുന്ന പ്രധാന വാദം.അതിനാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാന്‍ റദ്ദുചെയ്യണമെന്നാണ് പ്രധാന ആവശ്യം.ഭൂമാഫിയയുമായുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നതെന്നും ഈ മാസ്റ്റര്‍പ്ലാന്‍ നടന്നാല്‍ 85 ശതമാനം ഭൂമിയും നികത്തേണ്ടിവരുമെന്നും തൃശൂര്‍ നഗരം മുഴുവന്‍ വെള്ളക്കെട്ടിലാകുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.അതേസമയം കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അഴിമതി തെളിയിച്ചാല്‍ മേയര്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും മേയര്‍് പറഞ്ഞു.